August 17, 2013

ദി ഹണ്ട് (The Hunt-2012)

ചിത്രം: ദി ഹണ്ട് - The Hunt-2012 (ഡെന്മാര്‍ക്ക്)
സംവിധാനം: തോമസ്‌ വിന്റെര്‍ബര്‍ഗ്
ഭാഷ: ഡാനിഷ്
-----------------------------

2012 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നായകന്‍ മാഡ് മിക്കെല്‍സന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം. സാമൂഹിക പ്രസക്തമായ വിഷയം എന്നതിനേക്കാള്‍  ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാവുന്നൊരു ദുര്‍വിധിയെ പറ്റിയാണ് ദി ഹണ്ട് പ്രതിപാദിക്കുന്നത്.

വളരെയധികം സുഹൃത്തുക്കളുള്ള, ഏവര്‍ക്കും പ്രിയങ്കരനായ വ്യക്തിയാണ് ലൂക്കാസ്. ഭാര്യയുമായി ബന്ധം വേര്‍പെടുത്തി ഒറ്റക്ക് കഴിയുകയാനെങ്കിലും പതിനാറുകാരനായ മകനെ തന്‍റെ കൂടെ നിര്‍ത്തുവാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അദ്ധ്യാപകനായിരുന്ന അയാള്‍ ജോലി നഷ്ടമായതിനുശേഷം നേര്‍സറിയിലെ പാര്‍ട്ട്‌ ടൈം ജോലികൊണ്ടാണ് ജീവിക്കുന്നത്. കുട്ടികളുമായി വളരെ അടുത്ത്ഇടപെടുന്ന പ്രകൃതമാണ് അയാളുടേത്.

ഒരു ദിവസം ഉറ്റ സുഹൃത്തിന്റെ മകളെ നേര്‍സറിയിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകുന്നു. മറ്റു കുട്ടികളുമായി കളിക്കുന്നതിനിടയില്‍ അവളുടെ വിചിത്രമായൊരു പെരുമാറ്റം കണ്ട് അയാള്‍  ചെറുതായി ശാസിക്കുന്നു. വീട്ടില്‍ കൌമാരക്കാരനായ സഹോദരനില്‍നിന്നും കേട്ടൊരു അശ്ലീല സംഭാഷണം പെണ്‍കുട്ടി അയാളുടെ പേര് ചേര്‍ത്ത് ഉച്ചരിക്കുന്നു. വിശദമായി ചോദ്യം ചെയ്യുന്ന സ്കൂള്‍ അധികൃതര്‍ക്കു മുന്‍പില്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് അവള്‍ പറയുന്നതെങ്കിലും ലൂക്കാസ് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന നിഗമനത്തില്‍ അവരെത്തുന്നു. വിഷയം പോലീസിനു കൈമാറുന്നു. അതോടെ അയാളുടെ ജീവിതം താറുമാറാകുന്നു.

 ലൈംഗിക ചൂഷണങ്ങള്‍നിരവധി സിനിമകളില്‍  പ്രമേയമായിട്ടുണ്ടെങ്കിലും അകാരണമായി കുറ്റാരോപിതരാകുന്നവരുടെ ജീവിതത്തിലേക്ക് കടന്നിട്ടുള്ളവ വിരളമാണ്. ദി ഹണ്ട് അങ്ങനെ സമൂഹത്താല്‍ വേട്ടയാടപ്പെടുന്ന ഒരു ഇരയുടെ കഥയാണ്‌. കുട്ടികള്‍ കളവ് പറയില്ല എന്ന പൊതു ധാരണ മൂലം യഥാര്‍ത്ഥ വസ്തുത മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വരുന്ന അവസ്ഥ വല്ലാത്ത മാനസിക പിരിമുറുക്കത്തോടെയേ കണ്ടിരിക്കാനാവൂ. ആഴത്തില്‍ ചിന്തിച്ചാല്‍ ഇതു നാളെ നമുക്കും സംഭവിക്കാവുന്ന ഒന്നാണെന്ന ചിന്ത ഭീതി വര്‍ധിപ്പിക്കും.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ രാജ്യത്തും സ്ത്രീപീഡനത്തെക്കാള്‍ ഗൌരവകരമായ കുറ്റമായിരിക്കെ സിനിമയില്‍ അവതരിപ്പിച്ച ഡെന്മാര്‍ക്കിലെ ചെറിയ സമൂഹം ആഗോള സമൂഹത്തിന്‍റെ പരിശ്ചേദമാകുന്നു. ഇത്തരം വിഷയങ്ങളില്‍ ഇന്നു പതിവായ മാധ്യമവിചാരണ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നു. ലളിതമായി പറഞ്ഞ കഥയുടെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കാതിരിക്കാനും ക്ലീഷേകള്‍ ഒഴിവാക്കാനും അതുകൊണ്ട് സാധിച്ചിരിക്കുന്നു.

ഹണ്ടിംഗ് എന്ന റൈറ്റിലിനെ നല്ല വണ്ണം നിര്‍വചിക്കാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്.
ലൂക്കാസിന്‍റെ മനോസംഘര്‍ഷങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന മാഡ് മിക്കെല്‍സന് 2006ലെ ജെയിംസ് ബോണ്ട്‌ സീരീസ് കാസിനോ റോയലിലെ വില്ലന്‍ വേഷത്തോടെ ഹോളിവുഡിലും പ്രശസ്തനാണ്.

1 comment:

  1. ലൈംഗിക ചൂഷണങ്ങള്‍നിരവധി സിനിമകളില്‍ പ്രമേയമായിട്ടുണ്ടെങ്കിലും അകാരണമായി കുറ്റാരോപിതരാകുന്നവരുടെ ജീവിതത്തിലേക്ക് കടന്നിട്ടുള്ളവ വിരളമാണ്. ദി ഹണ്ട് അങ്ങനെ സമൂഹത്താല്‍ വേട്ടയാടപ്പെടുന്ന ഒരു ഇരയുടെ കഥയാണ്‌. കുട്ടികള്‍ കളവ് പറയില്ല എന്ന പൊതു ധാരണ മൂലം യഥാര്‍ത്ഥ വസ്തുത മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വരുന്ന അവസ്ഥ വല്ലാത്ത മാനസിക പിരിമുറുക്കത്തോടെയേ കണ്ടിരിക്കാനാവൂ. ആഴത്തില്‍ ചിന്തിച്ചാല്‍ ഇതു നാളെ നമുക്കും സംഭവിക്കാവുന്ന ഒന്നാണെന്ന ചിന്ത ഭീതി വര്‍ധിപ്പിക്കും.

    ReplyDelete

Comments